Wednesday 26 December 2012

കോട്ടു തുന്നുന്നവര്‍


നഗ്നനായിരിക്കുവാനെനിക്കിഷ്ടം
സമൃദ്ധമായ് ശുദ്ധ വായുവുമേറ്റ്,
വെളിച്ചത്തിൻ മുഗ്ദ്ധ രേണുക്കളിലിഴഞ്ഞും,
മലര്‍ന്നു കിടന്നുറക്കെത്തുപ്പിയും,
ഉണര്‍വിന്റെ പകലുകളൊക്കെയുമുറങ്ങിയും,
മുദിതനായിരുട്ടിലുന്മാദിച്ചും,
ഭ്രാന്തമായ് ചിരിച്ചും,
ചിരിയുടെ സന്ധിയിലമര്‍ത്തിക്കരഞ്ഞും….
തോന്നിവാസത്തിന്റെ സ്വാതന്ത്ര്യമാണെനിക്കിഷ്ടം.

ഇന്നലെ അച്ഛന്‍ ചൊല്ലി
"കുഞ്ഞു മോനിരിക്കട്ടെ കിന്നരി തുന്നിച്ചേര്‍ത്ത
കുപ്പായമതിലവന്‍ സിംഹമായ് വളരേണം"
പിന്നെ അമ്മാവന്‍ ചൊല്ലി
"പൊള്ളയായ് ചിരിച്ചീടാൻ, കള്ളങ്ങളുരച്ചീടാൻ,
വെള്ളക്കോട്ടിരിക്കട്ടെ, മന്ത്രിയായ് തിരിച്ചെത്തു"
പിന്നെ എന്നേട്ടന്‍ നല്‍കി
നേരു പാവിട്ടതിൽ ഊടിട്ട നുണതൻ നൂലാൽ
പാരിന്റെ പതിപ്പായി നെയ്തൊരു മഹാ വസ്ത്രം;
"ഗോളം പോൽ കറങ്ങുമ്പോൾ സൂര്യനായ് ഞാനുണ്ടാവും
ചൊല്ലുവതനുസരിച്ചീടേണം പൊന്നോമനെ"

മത്സരിക്കുവാനൊരു കോട്ടു നല്കിയെന്നമ്മ,
പോർക്കളങ്ങളിൽ ജയിച്ചെത്തുവാൻ പോർച്ചട്ടയായ്.
ധീരനായിരിക്കുവാനേകിയെന്‍ സതീർഥ്യനും,
ദാനശീലനായ് തീരാനേകിയെന്‍ നേര്‍ പെങ്ങളും.
നരച്ച കുപ്പയമൂരി ചൊല്ലിയെന്‍ ഗുരുനാഥന്‍
"വിളിച്ചു കൂവണം സത്യം, നിനക്കിതിരിക്കട്ടെ"

കിന്നരിച്ചിരിക്കുവാൻ കോട്ടു കാമുകി നൽകി,
സന്നിഭനാകാനെന്നും നാട്ടു മാമാരച്ചോട്ടില്‍.
"കറുത്ത കൊട്ടാണിതു രാത്രിയിലത്യുത്തമം,
മറിച്ചു ചൊല്ലീടേണ്ട" ചൊല്ലിയെന്നാപ്പീസറും.
കോട്ടുകളൊരുപാടു നല്‍കിയെന്‍ വാമേശ്വരി
സൂത്രത്തിലിട്ടോണ്ടോരോ നേരവുമുലാത്തുവാന്‍.

കോട്ടുകൾ വേണം നാണം മറയ്ക്കാൻ, കാണും നേരിൻ
കോട്ടകള്‍ മറയ്ക്കുവാന്‍ നാണമുള്ളവര്‍ക്കെല്ലാം.
കോട്ടുകള്‍ വേണം, കാണും ലാവണ്യമുയർത്തീടാൻ
ചീട്ടുകൊട്ടാരം വീഴും കോട്ടുകളഴിക്കുമ്പോൾ.
----------------
26.12.2012

Tuesday 8 May 2012

കാത്തിരിപ്പ്‌

അവസാന തോണിയും പോകവേ യമുനതന്‍
വിരിമാറിലിരുളിന്റെ കുളിര്‍ പരന്നീടവേ,
വിജനമീ കടവിലെ പുളിനങ്ങളില്‍ രാത്രി
നരികള്‍ ഭയത്തിന്റെ ചിത്രം പതിയ്ക്കവേ,
തലനാരിഴ കൊണ്ടുഡുക്കളെ ബന്ധിച്ചു
തിമിര രഥമേറി മാരുതി പായവേ,
ഒരു ചുടു നിശ്വാസ ധാരയില്‍ ജീവന്റെ
ഹരിത ദലങ്ങളോ വിറയാര്‍ന്നു വാടവേ,
അകലങ്ങളില്‍ സ്വപ്ന വിധിയാലുണര്‍ന്നാര്‍ത്തു
വിലപിക്കുമുണ്ണി തന്നമ്മയെ തേടവേ,
സമരതീരത്തിലശാന്തിപ്പിശാചുക്കള്‍
വെടിയുണ്ട ഉണ്ടു മദിച്ചു തിമര്‍ക്കവേ,
അവസാന സദ്യയും നീരുമായ് കാവലാള്‍
ഇടനാഴി താണ്ടി തുറുങ്കിലെത്തീടവേ,
അതിഥിയായവസാനമെത്തും വണിക്കിനെ
മൊഴി ചൊല്ലി സ്ത്രീത്വ മുറങ്ങാന്‍ കിടക്കവേ,
എവിടെപ്പനിമതി കൊതുമ്പു വള്ളത്തില്‍ നീ
പതിയെത്തുഴഞ്ഞീ കടവിലെത്തീടുക.

ഒരുപാടു യാത്ര യുണ്ടിനിയും വിപത്തിന്റെ
കഠിന നിലങ്ങളില്‍ മഴയുതിര്‍ത്തീടുവാന്‍.
ശരമാരി പെയ്യുന്ന സമര നിലങ്ങളില്‍
ശരദിന്ദു സ്നേഹത്തിനമൃതു വര്‍ഷിക്കുവാന്‍.
എവിടെവിടെ ഖഡ് ഗപ്പിണരുകൾ ജീവന്റെ
തുടിതാളമന്യധാ മാറ്റി മറിക്കുന്നു,
അവിടവിടെയെത്തണം ജീവത്തുടിപ്പിന്നു
സ്വര രാഗ മധു മാരി കുളിരു വര്‍ഷിക്കുവാന്‍.
ഇനിയും പിറക്കണം കാരഗൃഹങ്ങള്‍ ത-
ന്നിടനാഴിയില്‍ ശുഭ്ര വര്‍ണ്ണക്കപോതങ്ങള്‍.
അരിയ ചിറകുകള്‍ മെല്ലെ വിരിച്ചതി-
രില്ലാത്ത ഭൂമിയിലാടിപ്പറക്കണം.

ഒരു പാടു തീരങ്ങളില്‍ കാത്തിരിപ്പിന്റെ
കരിവിളക്കേന്തിത്തളര്‍ന്നുറങ്ങുന്നവര്‍,
ഒരുപാടു കാവല്‍പ്പുരകളില്‍ ചകിതരായ്
രണഭൂമി താണ്ടാന്‍ കൊതിച്ചു കൂടുന്നവര്‍,
അവിടെയെത്തീടണം കുമ്പിളില്‍ കനിവിന്റെ
നിറവൊളിച്ചാര്‍ത്തുമായിശ്യാമ ഭൂമിയില്‍.
----------------
06.01.2011