Saturday, February 4, 2017

ഇരുൾ യാത്രകൾ


പഥികാ നീ എന്തിന്നു വഴി തടഞ്ഞു, ശീത
മിരുൾ മൂടി, വിജനമാ വഴിയിടത്തിൽ?
ഇരുളിൽ നിന്നിരുൾ പോലെ നീ അണഞ്ഞു, നേത്ര
പടലത്തിലിരുളിന്റെ കുട മുടഞ്ഞു.
ഉരുകിത്തിളച്ചുപോയ് അറിയാതെ ഞാൻ, കോപ
ജലധാര ഉള്ളിൽ പതഞ്ഞു കേറി.
ഉരിയാടിയില്ല ഞാൻ, നീയുമേവം, പിന്നെ
അപരാധിയെപ്പോലെ  നീ മറഞ്ഞു.
ഒരുവേള നിന്നു, തിരിഞ്ഞു നോക്കി, നിന്റെ
മിഴി തടത്തിൽ തുലാ മഴ ഇടിഞ്ഞോ?

ഇരുളിലേക്കാണ്ടു പോയ് നീ എങ്കിലും, എന്നിൽ
നിറയുന്ന നിൻ ദൈന്യ, വികൃത രൂപം;
നിഴലായി പിന്തുടർന്നീടുന്നുവോ, ഉച്ച
വെയിലിലും, ശാന്ത സായാഹ്നത്തിലും!

പഥികാ നീ എന്തിന്നു വഴി തടഞ്ഞു, ഗർവ്വ
മഹലിലേക്കുള്ളൊരെൻ രഥ യാത്രയിൽ;
നിബിഢ  ശിലാ സ്ഥൂല മണ്ഡപങ്ങൾ, തല്ലി
ബഹു ധൂളിയാക്കി കടന്നുപോകെ?
ഹിമ മേഘ പാളികൾ കുട ചൂടുമീ, ഘോര
കഠിനാന്ധകാരത്തുരുത്തിലേകൻ;
ഒരു ചോദ്യ ചിഹ്നപ്പൊരുൾപോലെ നീ, എന്റെ
ഉടയാടകൾ ചീന്തി എറിയുന്നുവോ?
പറയൂ നീ എന്തിനെൻ വഴി തടഞ്ഞു, ക്ഷിപ്ര-
മിരുൾ യാത്രകൾക്കു നീ വില പറഞ്ഞു?
എവിടെ ഞാൻ ചൊല്ലി പഠിച്ച  പാഠംഎന്റെ
തുണയായി മാറാഞ്ഞതെന്തു കൊണ്ടോ?

പഥികാ നീ എന്തിന്നു വഴി തടഞ്ഞു, നിത്യ
ജഠരാഗ്നി കൊണ്ടോ, പിപാസ കൊണ്ടോ?
തല ചായ്ക്കുവാനിടം തേടിയിട്ടോ, ബന്ധു
നിലയങ്ങളവിടെ തിരഞ്ഞു കൊണ്ടോ?
ശരണാർത്ഥി ആയിട്ടണഞ്ഞതാണോ, ദീന
കഥ പങ്കിടാൻ കൂട്ടു തേടിയാണോ?
നില പോയി ജീവിത പ്പെരുവഴിയിൽ, മൂക
ബലി മൃഗമായിട്ടണഞ്ഞതാണോ?
അറിയാതെ പോയി, ഷഡിന്ദ്രിയത്തിൽ, നിന്റെ
നിലയോ നിലാവോ തെളിഞ്ഞതില്ല.
ഇനി ഏതു ദിക്കിൽ നാം കണ്ടുമുട്ടും, നിന്നെ
ഒരു നോക്കു കൊണ്ടാടലാറ്റിടുവാൻ.
ഇനി ഏതു വഴിയമ്പലത്തിണ്ണയിൽ, നിന്റെ
വിറയാർന്ന കൈകൾ തലോടിടും ഞാൻ?


04.02.2017

Tuesday, December 27, 2016

ഉണർന്നപ്പോൾ

ഉറക്കത്തിലായിരുന്നു ഞാൻ.
ഉണർന്നപ്പോൾ നഗ്നനായി മാറിയിരുന്നു.
പാടി ഉറക്കിയവർ തന്നെ വസ്ത്രങ്ങൾ അഴിച്ചെടുത്തിരുന്നു.
അവ നിറങ്ങളിൽ മുക്കി അയയിൽ വിരിച്ചിരുന്നു.
ഭയപ്പെടുത്തുന്ന നിറങ്ങൾ ഉപേക്ഷിച്ചു
ഭൂമിയുടെ നഗ്നതയിലൂടെ നടന്നു.
വടക്കു നിന്നും വീശിയ വരണ്ട കാറ്റിനു 
മൃതിയുടെ ഗന്ധം ഉണ്ടായിരുന്നു.
രോമകൂപങ്ങളിൽ മാലിന്യം നിക്ഷേപിച്ചുകൊണ്ട്
അവ മധ്യരേഖ കടന്നുപോയി.


എല്ലാം തിരിച്ചറിയാൻ ഭൂമി ഉണ്ടായിരുന്നു.
തുളച്ചു കയറുന്ന നോട്ടങ്ങൾ എന്റെ
രക്ത ധമനികളിൽ തറച്ചു നിന്നു.
ചോരയുടെ നിറം തിരിച്ചറിയാതെ
അവർ പുരാതന ഗ്രന്ഥങ്ങളിൽ പരതി.
എന്നാൽ ആവിയായിപ്പോയ അക്ഷരങ്ങൾ
മഴക്കാറായി ഉയരങ്ങളിൽ വീർപ്പുമുട്ടി നിൽക്കുകയായിരുന്നു.
എല്ലാ നിറങ്ങളും കഴുകിക്കളയുവാൻ
പെരുമഴയ്ക്കുള്ള തയാറെടുപ്പിലായിരുന്നു
അക്ഷര മേഘങ്ങൾ.
അവയ്ക്കു ഇനിയും പെയ്യാതിരിക്കാൻ കഴിയില്ല!
-----------

01.12.2016

Thursday, December 15, 2016

നഗരശില്പി

വിള്ളലിനു കീഴിൽ പെരിയ താഴികക്കുടം.
ചത്വരങ്ങളിൽ
വാഹനങ്ങളുടെ സംഗീത മേളം.
അംബര ചുംബികൾക്കിടയിൽ
കരി ധൂളിയുടെ കോട മഞ്ഞു.

റേന്തയിട്ട ജാലക വരികളിൽ
കാർബൺ മോണോക്സൈഡിന്റെ കുളിർ തെന്നൽ.
മാലിന്യപ്പുഴയ്ക്കു മുകളിൽ ഒരാരാമം.
മേൽപ്പാലങ്ങളുടെ ഇണ ചേരലിൽ
നൈട്രജൻ ഡൈഓക്സൈഡിന്റെ ജീവധാര.
കഴുകി വെടിപ്പാക്കാൻ
അമ്ല വാഹിനി പുതു മഴ.
നുണ പറയുന്ന പരസ്യപ്പലകകൾ.
വഴി തെറ്റിക്കാൻ വിളക്കു കാലുകൾ.
സന്തോഷിക്കാൻ മാളുകൾ.
ഒളിച്ചിരിക്കാൻ ഭൂഗർഭ നിലകൾ.
പൊട്ടിച്ചിരിക്കാൻ മദ്യശാലകൾ.
വിയർക്കാൻ ജിമ്മുകൾ.
സ്നേഹിക്കാൻ രതിശാലകൾ.
രക്ഷപ്പെടാൻ സെമിത്തേരികൾ.
ഉറങ്ങാത്ത രാത്രിക്കു കൂട്ടായി
ഉറക്കം തൂങ്ങുന്ന പകലുകൾ.


യമപുരി പടുത്തുയർത്തിയ ശേഷം മയൻ
ദീർഘ കാല അവധിയിൽ പ്രവേശിച്ചു.
സാനിട്ടോറിയത്തിനു മുന്നിലെത്തി
മുകളിലേക്ക് നോക്കി.
താഴികക്കുടത്തിനു മുകളിലെ വിശാലമായ വിള്ളലിലേക്ക്.
----------
14.12.2016

Saturday, November 19, 2016

സഖാന്ദ്ര


സഖാന്ദ്ര  - നീ എത്രയോ പരിണമിച്ചിരിക്കുന്നു
(ഇരു ദശകത്തിനിപ്പുറത്തെ എന്നെപ്പോലെ).

കന്നിന്റെ കുടമണിയിൽ ഉണരുന്ന നിന്റെ പ്രഭാതങ്ങൾ,
വേനലിന്റെ വറുതിയിൽ വരണ്ടു പോകുന്ന അരുവികൾ,
മഴ കളിപ്പിച്ച വിത്തുകൾ,
വൈക്കോൽ മണം  പേറുന്ന സന്ധ്യകൾ,
നാട്ടു കൂട്ടത്തിനു തണലേകുന്ന പേരാൽ,
ജാമുൻ പഴങ്ങളുടെ  വയലറ്റിൽ ചിരിക്കുന്ന കുട്ടികൾ,
നിലാവ് പരത്തുന്ന കർഷകർ,
വിശാലമായ കുളം, മൺ  പാതകൾ,
നേരത്തെ ഉറങ്ങുന്ന രാത്രികൾ,
കാലത്തിന്റെ പരിച്ഛേദമായി ഓർമയിൽ നീ എന്റെ പ്രിയ സഖാന്ദ്ര

സഖാന്ദ്ര - എന്റെ വരണ്ട പകലുകളിലെ  പച്ചയാണ്  നീ.
സഖാന്ദ്ര - എന്റെ നനഞ്ഞ വർഷങ്ങളിലെ  വെയിലിന്റെ ചൂടാണു നീ.
സഖാന്ദ്ര - എന്റെ ഇരുണ്ട രാത്രികളിലെ നിലാവിന്റെ സാന്ത്വനമാണു നീ.
സഖാന്ദ്ര - എന്റെ തീ പിടിച്ച നിമിഷങ്ങളിലെ ആലസ്യമാണു നീ.

പ്രിയ സഖാന്ദ്ര - നിന്നിലേക്ക്‌ മടങ്ങാൻ മാത്രം എനിക്കാവില്ലല്ലോ!
ചെറുപ്പം വിട്ടുമാറാത്ത ഓർമ്മകൾ;
അവയ്ക്കു മുകളിൽ നിന്റെ പുതിയ ചിത്രങ്ങൾ
എനിക്കു വേദനയാണല്ലോ!
ഉറങ്ങാത്ത രാത്രികളും, മലിനമായ വഴിയോരങ്ങളും,
കർഷകരൊഴിഞ്ഞ മണ്ണുമായി,
ജാമുൻ മരങ്ങളില്ലാത്ത  നാഗരികതയിലേക്കു
നീയും ചേക്കേറിയിരിക്കും.
പരിണാമം, അതെന്നെപ്പോലെ നിനക്കും ഒഴിവാക്കാനാവില്ലല്ലോ!

ഓർമ്മയിലെ സഖാന്ദ്ര യാണ് എനിക്കിപ്പോഴുമിഷ്ടം.
എന്നോടു നീ പൊറുക്കുക!

------------------
സഖാന്ദ്ര - ഗുജറാത്തിലെ ഒരു ഉൾനാടൻ ഗ്രാമം.
20.04.2016

Monday, October 17, 2016

പച്ചചുവപ്പു വാരി വിതറിയ പോലെ മാമരങ്ങൾ.
നിശബ്ദമായി ഒഴുകുന്ന എന്റെ പുഴ.
അപുഴയ്ക്കിരുപുറവുമായി
പരവതാനി വിരിച്ച പോലെ ചുവന്ന പുൽ മേടുകൾ.
കാറ്റിലൂടെ തെന്നി പറക്കുന്ന ചുവന്ന
പനം  തത്തകൾ.

സുഹൃത്തേ ചുവപ്പാണ് എന്റെ പച്ച
മഞ്ഞയാണ് മാത്യുവിന്റെ പച്ച
നീലയാണ് ഷംസുദീന്റെ പച്ച
കറുപ്പാണ് സീതയുടെ പച്ച
നിന്റെ പച്ച ഏതാണ്?

Saturday, October 15, 2016

സ്യമന്തകംആരു കവർന്നു സ്യമന്തകം, ചൈത്രമെൻ
മാനസ വാതിൽ തുറന്ന നേരം?
ആരു വിമൂകം കടന്നുപോയീവഴി
ആരു കവർന്നു സ്യമന്തകം?

ആകാശ ഗംഗയിലേക്കു തുറക്കുമീ
ജാലകച്ചോട്ടിൽ തനിച്ചു നിൽക്കേ,
തൂമഞ്ഞു നീരിന്റെ കുഞ്ഞലച്ചാർത്തുകൾ
സ്നേഹമായെന്നെ തലോടി നിൽക്കെ,
ഏതോ നിശാഗന്ധി കാറ്റിന്നു നൽകിയ
ഭാവ മരന്ദം കടന്നു പോകെ,
ഏതോ കടങ്കഥ പോൽ വിരൽപ്പാടുകൾ
ആരുപേക്ഷിച്ചു മനസ്സിനുള്ളിൽ?

താമരത്താരിതൾ പാദങ്ങളർപ്പിച്ച
താരോ മനസ്സിന്നകത്തളത്തിൽ.
ശാരദാകാശമോ, താരങ്ങളോ, കുളിർ
ചാമരം വീശും മണിത്തെന്നലോ
ആരു പറഞ്ഞിടു മെൻ മണിച്ചെപ്പിൽ നി -
ന്നാരു കവർന്നു സ്യമന്തകം?

ദൂരെ നിശീഥത്തിലേക്കു പറന്നു പോം
ചാരു പതംഗങ്ങൾ കൂടണയേ,
പേരറിയാത്തൊരു നൊമ്പരപ്പൂക്കളിൽ
ഞാനറിയാതെ മറന്നു നിൽക്കെ,
ആരു കവർന്നെടുത്തെൻ  മണിച്ചെപ്പിൽ നി -
ന്നേഴഴകുള്ള സ്യമന്തകം?

05.10.2016

Thursday, July 28, 2016

സമതലങ്ങളിലെ ശലഭങ്ങൾ
(അച്ഛനും ഗുരുവുമായ കെ.വി.സത്യവ്രതനു സമർപ്പിക്കുന്നു.)

തരളം, മനോരഥ മണ്ഡലമുലയ്ക്കുന്ന  
പനിനീർ പുഷ്പത്തിന്റെ താരുണ്യ ലഹരിയിൽ,
ചുടു നിശ്വാസത്തിന്റെ ധാര പോൽ വസന്തത്തിൻ 
നിറവും കടം വാങ്ങി അമരും ശലഭങ്ങൾ.
മറ്റൊരു വസന്തമായ്‌ ഇളകി ക്കളിച്ച ത്വൽ 
പക്ഷങ്ങൾ ഒരു വേള നിശ്ചലമാക്കി ധ്യാന -
ചിത്തനായ് ഋതു പൂജയ്ക്കെത്തുവാനെന്തേ വൈകി?

മഹിയിൽ  ജീവന്റെ സമസ്യയ്ക്കു പൊരുൾ തേടി 
അലയുന്നനന്തമാം യാത്രയിൽ ശലഭങ്ങൾ;
നിമിഷാർദ്ധങ്ങൾ കീറി നെയ്ത മൗനത്തിൻ നേർത്ത 
പുടവയ്ക്കുള്ളിൽ നിന്നും വിണ്ണിലേക്കുയരവേ 
നിറ ഭേദങ്ങൾ, വർണ്ണസങ്കരമഴിച്ചിട്ട 
തളിർ മേനിയിൽ പൂത്തു ഭാസുര വസന്തങ്ങൾ.

തളിർ വെറ്റില കൂട്ടി മുറുക്കി ച്ചുവപ്പിച്ച 
കനിവിൻ കുടുന്നകൾ മഞ്ചാടി മണികളിൽ,
പുലരിക്കതിരുകൾ പച്ചിലച്ചാർത്തിൽ തട്ടി 
ചിതറിത്തരിച്ചെത്തി ചുംബിച്ചു മടങ്ങവേ;
സമതലങ്ങളിൽ നീ മോഹന പ്രതീക്ഷതൻ 
നിറവായ്‌ പറന്നെത്തൂ, പൂർണ്ണ കുംഭങ്ങൾ തീരെ 
തളരാ തുറങ്ങാതെ കാത്തിരിക്കുന്നു നിന്നെ.

ലയനം, മഹാർണ്ണവ സംഗമ മൊരുക്കുന്ന 
വിലയം, 'തിര' - മറിഞ്ഞുടലിന്റെ നടനം,
ഡമരുവി ലുയരും വിശ്വ താളത്തിൻ മുഗ്ദ്ധ -
ചിത്തത്തിലൊരു നേർത്ത പുഞ്ചിരി വിടരവേ,
അരിയ പുഷ്പാംഗങ്ങൾ വീശി നീ അണഞ്ഞാലും  
തരള സൗന്ദര്യമേ, കാത്തിരിക്കുന്നു ഞങ്ങൾ.

ഗിരി ശൃംഗത്തിൻ ശീത ഗഹ്വരങ്ങളിൽ, ഘോര 
തമസിന്നീറ്റില്ലമാം സാഗര ഗർത്തങ്ങളിൽ,
സ്ഥിരതൻ നിമ്നോന്നത മണ്ഡലങ്ങളിൽ, സൂര്യ 
കിരണം തിളപ്പിച്ച നിസ്തുല മണൽക്കാട്ടിൽ,
അണയാ തിളകി ത്തുടിക്കും ജൈവ നളിനം 
വിടർന്നേഴു നിറമായ് കാർമുകിലെയ്‌തീടുന്നു;
പിറവിക്കു നേരമായ്, അണയൂ നവാംബുവിൻ 
ചിറകിലൊളിപ്പിച്ചോരിന്ദ്രജാലവുമായി.
18.05.2016 - പ്രിയവ്രതൻ  

Sunday, July 10, 2016

അപരാഹ്നം


ഇഴകൾ പിരിഞ്ഞു പടർന്നൊരീ ശാഖിതൻ
തണലിന്റെ സാന്ത്വനം ഏറ്റു വാങ്ങീടവേ,
അകലത്തിലെങ്ങോ മുറിഞ്ഞ ഗാനത്തിന്റെ
അവസാന നാദത്തിൽ ഓർക്കുന്നു നിന്നെ ഞാൻ.

നിറമുള്ള ബാല്യ കാലത്തിൻ മണിച്ചെപ്പു
പതിയെ തുറന്നു നീ മുന്നിലെത്തീടുന്നു,
കലഹിച്ചു തല്ലി ക്കളിച്ചു നാം പിന്നെയും
 കഥയുടെ തീരത്തു കണ്ടു മുട്ടീടുന്നു.

വെയിലിന്റെ പട്ടുടുപ്പിട്ടു നാമാനാട്ടു-
വഴിയിലെ തെച്ചിപ്പഴം നുകർന്നെത്രയോ
 കഥകൾ, കടംകഥ ചൊല്ലിയിട്ടും യാത്ര-
പറയാതെ ദൂരേയ്ക്കു പോയി നീ എന്തിനോ!

ഒരുമിച്ചു നീന്തിത്തുടിച്ചൊരാ പുഴയിലൂ-
 ടൊഴുകി കടന്നുപോയ് കാലം നിലയ്ക്കാതെ,
പുളിനത്തിൽ നിന്റെ കാൽപ്പാടുകൾ പതിയുവാൻ
 പുഴ കാത്തിരിക്കുന്നു സായന്തനങ്ങളിൽ.

 അകലത്തിലേക്കു പറന്നു പോയെങ്കിലും
ഒരു വാക്കു ചൊല്ലാതെ നീ മറഞ്ഞെങ്കിലും
 ഒളി മങ്ങിടാത്ത നിന്നോർമ്മകൾ നെഞ്ചക-
ത്തണയാതെ കത്തുന്നു നോവിന്റെ നാളമായ്.

പഴയൊരൂഞ്ഞാലും, കിളിച്ചുണ്ടനും, ശോണ
നിനവുറങ്ങും കൊച്ചു മഞ്ചാടി വൃക്ഷവും,
ഒരു പിടി ഓർമ്മതൻ ചില്ലിട്ട ചിത്രത്തി-
ലറിയാതെ നീയുമെൻ തോഴാ കടന്നുപോയ്.

വെയിലമർന്നീടുന്നു, കാറ്റിൻ കരങ്ങളെൻ
 കവിളിൽ തലോടി കടന്നു പോയീടുന്നു,
അകലത്തിലെ നാദ വീചിയായ് നീ ഏതു
 പഥ സന്ധിയിൽ യാത്ര തുടരാൻ കൊതിക്കുന്നു?

16.06.2016

Saturday, June 11, 2016

മന്ദ സമീരണൻ

വെൺ മുകിലാട്ടിൻ കിടാങ്ങളെ മേച്ചു നീ
തെന്നലേ പോകുവതേതു ദിക്കിൽ?
ഇന്ദുഗോപങ്ങൾ നിശാ നൃത്തമാടുന്ന
ഇന്ദ്ര സഭാതല സീമയിലോ?
ഇത്തിരി വെട്ടം കൊളുത്തി ക്കളിക്കുന്ന
കൊച്ചു കുമാരികൾ താരകങ്ങൾ,
ഇച്ചെറു മുറ്റത്തെ സൗഗന്ധികങ്ങളെ
ഉറ്റുനോക്കുന്നതു നീ അറിഞ്ഞോ?
ഒത്തിരി ദൂരത്തിലല്ലേ കുമാരികൾ
ക്കെത്ര മേലിഷ്ടമണഞ്ഞീടുവാൻ!
ഒപ്പം കളിക്കുവാനിഷ്ടമാണെങ്കിലും
ഇത്രമേൽ വൈകുവതെന്തു നൂനം?
കൊച്ചരിമുല്ലയും ചെമ്പകവും നിലാ-
വിറ്റു നുകർന്നു മയക്കമായി.
പിച്ചക സൂനങ്ങ ളെപ്പൊഴോ മഞ്ഞിന്റെ
പട്ടുറുമാലു പുതച്ചുറങ്ങി.
ചിത്ര വനത്തിലെ രാപ്പാടി പാടുന്നു
മുഗ്ദ്ധ മനോഹര ഭാവ ഗാനം.
പച്ചില ക്കാട്ടിലൊളിച്ച ചെമ്പോത്തുകൾ
ഉച്ചത്തിലെന്തോ പറഞ്ഞിടുന്നു.
ചില്ലു പാത്രം വീണുടഞ്ഞപോൽ കീടങ്ങൾ
ഉല്ലാസ മേളം മുഴക്കിടുന്നു.
ഇപ്പൊഴു മെത്താത്തതെന്തേ കുമാരിമാ-
രിച്ചെറു വാടീ നികുഞ്ജങ്ങളിൽ.
ഒത്തിരി ദൂരം മരന്ദം വഹിച്ചു നീ
എത്തുമോ നക്ഷത്ര മണ്ഡപത്തിൽ?
കൊച്ചു കുമാരിയോടിഷ്ടങ്ങൾ ചൊല്ലുമോ
മെച്ചം കടംകഥ ചൊല്ലിടുമോ?
അക്ഷയ ദീപം തെളിച്ചു പൂർവാംബര
ദിക്കിൽ വിവസ്വാനണഞ്ഞീടവേ,
പക്ഷങ്ങളിൽ ഹിമബിന്ദുക്കൾ ചാർത്തി നീ
എത്തുമോ മന്ദസമീരണനായ്?

Friday, June 10, 2016

വഴി അവസാനിക്കുമ്പോൾ പന്തു നീട്ടി അടിക്കുക.

ഉരുകി തിളച്ചു കലങ്ങി കലുഷിതം
ഇതു നിശാ യാമത്തിലെത്തിയ മാനസം.
ചലനം നിലച്ച ഘടികാരമോ വഴി-
നടുവില്‍ മുടന്തിയ കൂറ്റന്‍ കുതിരയോ?

കലുഷിത മീ പന്തു നീട്ടി അടിച്ചതു
തിരകള്‍ കടന്നു തരാഗണ വീഥിയില്‍
എവിടെയോ ചെന്നു തറച്ചു മടങ്ങുന്നു,
ചിറകുള്ളോരശ്വമായ് മുന്നിലെത്തീടുന്നു.

ചിറകുമായ് നീ പറന്നീടുക മാത്രകള്‍-
ക്കിടയിലെ മൌനത്തി ലൂര്ന്നത നാദത്തി-
നലകളില്‍ നീരാടി, കാണാ പ്രപഞ്ചത്തില്‍
അലിയുന്നു നീ മഹാ മൌനമായ് മാറുന്നു.

അതിരുകളില്ലാത്ത ലോകമേ എന്നശ്വ-
മിളകി ക്കുതിക്കവേ നിന്റെ തീരങ്ങളിൽ,
ഇടി മുഴക്കങ്ങളായ് മാറും കുളമ്പടി
ക്കെതിരല്ല മാറാല കെട്ടിയോ രോർമ്മകൾ.

പറവകൾ ക്കൊപ്പം പറന്നു വിഹായസ്സി
നതി ദൂര സൌരയൂഥങ്ങളിൽ രാപാർത്തു
പതിയെ മടങ്ങുന്നോരശ്വമേ, ആഴത്തി
നൊടുവിലെ മൌക്തികാരാമത്തിലെത്തുക.

പവിഴ പ്രസൂനങ്ങ ളായി പ്പിറക്കുന്ന
പകലിൻ കിനാവുകൾ - ചന്ദ്ര കാന്ത പ്രഭാ
വലയത്തിൽ, മാലേയ ഗന്ധം പൊഴിക്കുന്ന
മൃദു വേണു ഗാനം - നിനക്കുള്ള തല്ലയൊ!

അനുപമ വിശ്വ ലാവണ്യമേ നിൻ തുകിൽ
തഴുകി ക്കടന്നു പോയീടവേ മൽ പ്രാണ
നൊഴുകി തുളുമ്പുന്നനൽപ്പ സൌന്ദര്യത്തി-
ലടിമുടി കോരിത്തരിച്ചു പോയീടുന്നു.

02.06.2016

യാത്രികന്റെ നിലാവ്

അറിയപ്പെടാത്ത സഞ്ചാരി...
നിന്റെ സ്വപ്നങ്ങളിലെ ഭൂമിക്കു അതിരുകളുണ്ടോ?
നിലാവൊഴുകി വീഴുന്ന പുൽ മേടുകൾക്ക് അന്തമുണ്ടോ?
കോട വീഴുന്ന മകര സന്ധ്യകൾക്ക് അറുതിയുണ്ടോ?
ഉയർന്നു താഴുന്ന മലമടക്കുകൾക്ക് വിരാമമുണ്ടോ?
പൊടി പടർത്തി വീശുന്ന കാറ്റിനു മൗനമുണ്ടോ?
ഭൂമി തണുപ്പിക്കുന്ന വേനൽ മഴകൾക്ക്‌ ഇടർച്ചയുണ്ടോ?

അറിയാത്ത വഴിയിലൂടെ ,
അറിയാത്ത ജന പഥങ്ങളിലൂടെ,
അറിയാത്ത രുചിയും നുണഞ്ഞു,
അറിയാത്ത ഗാനത്തിൽ മുഴുകി
അലഞ്ഞു തിരിയുന്ന വസുക്കളുടെ കൂട്ടുകാരാ...
നിന്റെ ഭാണ്ഡത്തിലെ സ്വപ്‌നങ്ങൾ പങ്കിടുമോ?

(ഇല്ല!!!)

ഇലകൾ പറഞ്ഞത്

അങ്ങിനെ ഒരുപാടു നേരം കഴിഞ്ഞപ്പോൾ വേരു കിളിച്ചു തുടങ്ങി.
അതു മെല്ലെ കസേരയുടെ സുഖവും പിന്നെ ദുരിതവും കടന്നു
ഭൂമിയിലേക്ക്‌ ആണ്ടു പോയി.
അവിടെ പശിമയുള്ള മണ്ണിൽ കഥകളുണ്ടായിരുന്നു,
ഉഴുതു മറിച്ച മണ്ണിന്റെ ഗന്ധമുണ്ടായിരുന്നു,
വേല ചെയ്തവർ ഒരുമിച്ചു പാടിയ പാട്ടുകളുണ്ടായിരുന്നു,
വഴി മുടന്തി പ്പോയവരുടെ തേങ്ങലുകൾ ഉണ്ടായിരുന്നു,
വിശന്നു തളർന്നവരുടെ കണ്ണുനീരുണ്ടായിരുന്നു,
നിറയ്ക്കാത്ത സമസ്യകളുമായി പലായനം ചെയ്തവരുടെ
നിശബ്ദ നിശ്വാസങ്ങൾ ഉണ്ടായിരുന്നു,
വഞ്ചിക്കപ്പെട്ട പ്രജകളുടെ അവിശ്വാസമുണ്ടായിരുന്നു,
നാട്ടുകൂട്ടങ്ങളുടെ നേരമ്പോക്കുകളിലെ പൊട്ടിച്ചിരി ഉണ്ടായിരുന്നു,
ഉറിയിൽ അവശേഷിച്ച വറ്റുകൾ കുഞ്ഞിനായി മാറ്റിവച്ച ഒരമ്മയുടെ
മന്ദഹാസവും ഉണ്ടായിരുന്നു.

പിന്നീടെപ്പൊഴോ സൂര്യ മുഖത്തേക്ക് ഒരില മടിച്ചു മടിച്ചു വിരിഞ്ഞു.
പിന്നെ പരശതം.
- അതൊരു വസന്തത്തിന്റെ തുടക്കമായിരുന്നു!!!

10.06.2016

നമ്മൾ


പുഴ നീന്തി വരുന്ന നിലാവിൻ
കുളിരിൽ ചെമ്പക മണ മുതിരുമ്പോൾ,
തിരുനെല്ലിക്കാട്ടിലെ ഇല്ലിത്തറയിൽ
സർപ്പ മുണർന്നു വരുമ്പോൾ,
ഉറ ഊരി വരുന്ന കിനാവുകൾ
തിറയാടി എഴുന്നെള്ളുമ്പോൾ,
ഉണരൂ പൈങ്കിളി നീ ഒരു കസവിൻ
ചേലയിൽ കമുകിൻ പൂക്കുല പോലെ.

ചൊടിയിൽ പുഞ്ചിരി പൂത്തിരി കത്തി-
ച്ച ണിവിരൽ കൊണ്ടൊരു തോടു കുറി ചാർത്തി,
മുടിയിൽ തുളസിക്കതിർ മണമേന്തി
പ്പുലരി വെളിച്ചം പോലണയൂ നീ.

അലറി വിളിച്ചു വരുന്നൊരു കാറ്റാ-
യവിടിവിട ങ്ങളിൽ മണ്ടി നടന്നി-
ട്ടടിവയർ കാളി വരുന്നൊരു രാക്ഷസ
നിതു ഞാനഭയം തരുമോ ദേവി?

തകരകൾ പൂത്തൊരു ചെറു മണിമുറ്റ-
ത്തിരുളു മിരുട്ടിൽ ചെറു തിരി കൊണ്ടൊരു
കവിത രചിക്കും മിന്നാമിന്നികൾ
നിറയെ, രാക്കിളി നീട്ടി വിളിക്കെ,
കടമിഴിയാമൊരു കളിയോടത്തിൽ
കനവുകൾ തേടി അലഞ്ഞില്ലേ നാം?

ജനി മൃതി ഓളം തല്ലും ജീവിത
ജലനിധി ഓമൽ ക്കുമ്പിളിലാക്കി
മധുരിമയോടെ  നുകർന്നില്ലേ നാം?
തരു നിര തണലു വിരിച്ചൊരു വഴിയിൽ,
കഥകൾ ചൊല്ലി നടന്നില്ലേ നാം?
കരിയില പാറി നടന്നൊരു വഴിയിൽ,
കരളിൻ ചിന്തുകൾ ചൊല്ലീലേ നാം?


പുലരി വെളിച്ചം കാണാ ത്തിരുളിൽ
നിഴലുകളായിട്ടലയെ വിരലിൽ
വിരലു കൊരുത്തൊരു മെയ്യകലത്തിൽ
ചിരിയുടെ പടവുകളെണ്ണി ക്കയറി
അരിയ രഹസ്യം ചെറു നാണത്തി-
ന്നിതളുകൾ കൊണ്ടു പൊതിഞ്ഞിട്ടിരുളിൽ
ചെറു നീർ കുമിളകൾ പോലെ പകർന്നതു,
മതു കേട്ടൊരു കടലായീ  രാക്ഷസ
നലകളിൽ ആഹ്ളാദത്തിൻ  നുരകൾ,
അതിൽ നീ നീന്തി നടന്നതുമില്ലേ?

11.05.2016

താമ്രപർണ്ണി

ഹേ താമ്രപർണ്ണി*, സഖീ, ഒഴുകൂ ശാന്തം
ഈ  മഹാ ഭൂവിന്റെ കണ്ണീർത്തടങ്ങളിൽ
ഹേ യാംഗ്സി(1), ടൈഗ്രിസ്‌(2), മഹാ പീതവാഹിനി(3),
വോൾഗെ(4), നിളെ, നീലവാഹിനി(5), നർമ്മദെ,
മാഴ്കാതെ നിങ്ങളീ തീരങ്ങളിൽ, പീഠ-
ഭൂവിൽ, ഹിമാദ്രിയിൽ, ദൂരെ മരുഭൂവിൽ
വാണ മനുഷ്യൻ കുലച്ച ശസ്ത്രം തീർത്ത
ദാരുണ ഹത്യതൻ പാപവും പേറുക.

നിന്നുർവ്വരതയിൽ, പശിമയിൽ പിച്ചവ-
ച്ചിന്നലെ മർത്ത്യൻ  നിവർന്നു നിന്നീടവെ
പുഞ്ചിരിച്ചമ്പിളി, താരകൾ കണ്‍കോണിൽ
ഇന്ദ്രധനുസ്സു കുലച്ചു പിടിച്ചുവോ?
പിന്നെ ശാസ്ത്രത്തിന്റെ ചക്രമിരുട്ടിന്റെ
വന്യ നിലങ്ങളിൽ ഓടിച്ചു പോകവേ
വിദ്യുന്മയാത്മകമായി വിശ്വത്തിന്റെ
കത്രികപ്പൂട്ടു  മലർക്കെ തുറന്നുപോയ്.

വൈദ്യം, ജനിതകം, ഭൗതികവും, രസ-
തന്ത്രം, ഗണിതവും ഒന്നിച്ചു ചേരവേ,
എല്ലാം പ്രകൃതിതൻ സർവ്വ സനാതന-
മൊന്നാണതൂർജ്ജമാണെന്നും തെരിയവേ,
മന്നിലെ മർത്ത്യൻ വളർന്നു വിശ്വം കട-
ന്നന്തരാത്മാവായി മാറാൻ തുടിക്കവേ,
പിന്നിലേക്കാനായിക്കുന്ന പുരാവസ്തു-
വല്ലേ മതങ്ങൾ? നിലാവിലെ കുക്കുടം!

നിൻ തീര പങ്കജമായിരുന്നു ഇള
കണ്ട സംസ്കാരങ്ങളൊക്കെയുമെങ്കിലും,
തന്നിലെ സാന്ദ്ര തമസ്സിൻ തളങ്ങളിൽ
പൊന്നിൻ ചിരാതു തെളിച്ച മനീഷയെ
പുണ്യ മതങ്ങളായ് മാറ്റി ഒടുങ്ങാത്ത
വൻ ചൂഷണത്തിന്റെ ഭണ്ഡാരമായതും,
ഉള്ളം കലങ്ങി രത്നാകര സന്നിധി
പൂകാൻ കുതിക്കവേ നിങ്ങൾ മറന്നുവോ?

പിന്നെ വാളേന്തി പകയും ദുരയുമായ്
തങ്ങളിൽ കൊല്ലാനൊരുങ്ങിയ മാനവർ
ചിന്നിയ ചോര സമാന്തര ഗംഗയായ്
പുണ്യമീ മണ്ണിൽ തിളച്ചൊഴുകുന്നഹോ.
ഇല്ലാത്ത സ്വർഗത്തിലെത്തി രമിക്കുവാൻ
ഉള്ള സ്വർഗത്തിൽ നരകം വിതപ്പവർ-
ക്കില്ല സമഷ്ടിയോടിഷ്ടം ഒരിത്തിരി;
കല്ലായി മാറ്റി ഹൃദന്തം മതങ്ങളും.

ഹേ താമ്രപർണ്ണി, നീ സ്വീകരിക്കു ഇരു
ബാഷ്പ കണങ്ങൾ ഉദകമാണോർക്കുക.
വാരിയെടുത്തൊരീ  കുമ്പിളിൽ നീ പരി-
ത്യാഗമായ്, സ്നേഹമായ്, ലാവണ്യമായിടൂ.
സാരസ ജാലങ്ങൾ നീന്തുമീ ജീവാംബു
വാരിപ്പുണരുന്ന  സൈകത ഭൂമിയിൽ
ഘോര മതാന്ധത തല്ലിക്കെടുത്തിയ
ജീവന്നുദകമാണീച്ചുടുനീർക്കണം.

-----------------------------
*തമിഴ്നാട്ടിലെ ഒരു നദി
11. Yangze river of China  
22. Tigris of Iraq
33. Yellow river of China
44. Volga of Russia
55. Nile of Egypt

കടലിരമ്പുന്നു

കരി തരി നിറഞ്ഞന്തരീക്ഷ മിരുളുന്നു.
കുട ചൂടി നിന്ന വിൺ പരിച തകരുന്നു.
ധ്രുവ ശൈല  ശ്രിംഗങ്ങൾ ചടുല മുരുകുന്നു.
കലിപൂണ്ട സാഗരം കരയെ വളയുന്നു.

ഹരിത നിര വീഴുന്നു കാറ്റു കരിയുന്നു.
മല നിരകൾ താഴുന്നു ആടി വരളുന്നു.
പുഴകൾ ചെറു നീർച്ചാലിൽ സ്വയ മൊതുങ്ങുന്നു.
കടലിരമ്പുന്നമ്ല മഴയിൽ ഉരുകുന്നു.

മലിന ജല ഖണ്ഡങ്ങൾ ഭൂമി നിറയുന്നു.
ലവണ ജല നാളികൾ പൊട്ടിയുണരുന്നു.
കൊടിയ വിഷ യൗഗികം കൂപെ നിറയുന്നു.
കടലിരമ്പുന്നു പോർ വിളികളുയരുന്നു.

വികിരണ വസന്തത്തിൽ ഭൂമി നിറയുന്നു.
കൊടിയ വിഷ പക്വമായ് ഭൂമി കനിയുന്നു.
ഉടലാകെ വൃശ്ചികക്കലിക ഉണരുന്നു.
കടലിരമ്പുന്നുള്ളിൽ പ്രളയ മുണരുന്നു.13.05.2016

ഇന്നലെകൾ

ആ നീല വാനിൻ കുടക്കീഴിൽ ഇന്നലെ
ഭാരം വഹിച്ചു പിപീലികാ ജാഥകൾ
പോവതു നോക്കി സ്വയം മറന്നങ്ങിനെ
തൂണുപോൽ നിന്നത് ഞാനായിരുന്നില്ല!

നീലത്തിമിംഗലം മേളിച്ചപാരമാം
ഓളപ്പരപ്പുകളെണ്ണി  ഇരുട്ടിന്റെ 
കോണി ലുറക്കെ ച്ചിരിച്ചസ്തമയത്തിന്റെ
ലാവണ്യ മൂറ്റിക്കുടിച്ചതും ഞാനല്ല!

പോയ ധനുമാസ രാവിന്റെ തീരത്തു
പൂനിലാവേറ്റു പുൽ മെത്തയിലമ്പിളി
ത്താലത്തിലെ ക്കലമാനിന്റെ കൊമ്പിലെ
തൂമയും തേടി അലഞ്ഞതും ഞാനല്ല!

നിൻ ശ്ലഥ വേണിയിൽ ഇന്ദു പുഷ്പം ചൂടി
മന്ദസ്മിതത്തിലലിഞ്ഞതും ഞാനല്ല,
പിന്നെ ചിരാതിന്റെ കള്ളക്കടക്കണ്ണ്
മെല്ലെ പൊതിഞ്ഞു തേൻ തുള്ളി നുകർന്നതും,
കള്ളനെന്നോതി നീമാറിലമർന്നാശു
ചെല്ലക്കിളി എന്നു ചൊന്നതും ഞാനല്ല!

ഇന്നലെ, ഇന്നലെ, ഇന്നലെകൾ കാല
കർമ്മ  പഥത്തിലെ ചില്ലുപാത്രം, വീണു-
ചിന്നിച്ചിതറിത്തെറിക്കുന്നു ശൂന്യമാ-
യെങ്ങോ  ലയിക്കുന്നു; ഇന്നായ് ജനിക്കുന്നു.

ഇന്നലെ ഇല്ലായിരുന്നു ഞാ നിന്നിന്റെ,
ഇന്നിന്റെ മാത്രം ആഖ്യാന മാകുന്നു ഞാൻ.
പോയ തോയത്തിന്നൊഴുക്കു തടിനിയെ
വീണ്ടും ജനിപ്പിച്ചനന്യയാക്കും പോലെ,
നീരദ പാളിക ളോരോ നിമിഷവും
മാറുവ തെങ്കിലീ ഞാനു മേവം സദാ
മാറുന്നു കോശവും, താപവും, ഉള്ളിലെ
ഭാവവും, എന്നും പുനർജ്ജനിക്കുന്നിതാ. 


07.04.2016

Sunday, June 5, 2016

നിർബോധനം

എവിടെ പുള്ളുവൻ പാട്ടി ലിഴഞ്ഞെത്തും
ഋതു ചുരത്തുന്ന സപ്ത വർണ്ണങ്ങളും;
പുലരി മഞ്ഞിൽ കുളി ച്ചീറനണിയുന്ന
പലതരം വയൽ പ്പൂക്കളും തുമ്പിയും?

എവിടെ
കാടിനെ കാത്തു സൂക്ഷിച്ചൊരു
വെളിവു, വയലിലെ കൂട്ടായ്മ, കായലി-
ന്നരികുറപ്പിച്ച കണ്ടൽ വനങ്ങളും,
തെളിമയോലുന്ന തണ്ണീർത്തടങ്ങളും ?

എവിടെ
ജൈവ വൈവിധ്യത്തിനറിവുകൾ?
പഴമ കാത്തു സൂക്ഷിച്ചോരു വിത്തുകൾ?
ഉടലുരുക്കാത്ത വൈദ്യ ശാസ്ത്രത്തിന്റെ
ഹരിത ശോഭയിൽ പൂത്ത തോറ്റങ്ങളും?

സമയ
നാഗ മഴിച്ചിട്ട ശൽക്കങ്ങൾ
സ്മൃതി പഥത്തിലെ ചെങ്കല്ലു പാതയിൽ;
ഉറയിലേക്കു പുനർജ്ജനിച്ചെത്തുന്നൊ
രഹി എഴുന്നെള്ളി നിൽക്കുന്നിതന്തികേ.

വസന
മൊക്കെ അഴിച്ചു വച്ചീടട്ടെ
മൃദുല പാദുകം മാറ്റിവച്ചീടട്ടെ
വളരെ ആടിയ പൊയ്മുഖം നേരിന്റെ
കരിയില ത്തീയിൽ വെന്തെരിഞ്ഞീടട്ടെ.

വഴി
ചുരുട്ടിയെടുക്കട്ടെ, പിന്നോ ട്ടു
പഴയ ദൂരം നടക്കട്ടെ, കാഴ്ചതൻ
പുതിയ ചിത്രങ്ങൾ മായിച്ചു, വീണ്ടുമാ
പുഴയിലെ കടവിങ്കൽ ഞാൻ എത്തട്ടെ.


അവിടെ
നിന്നും തുടങ്ങട്ടെ ഓലയിൽ
പഴയ നാരായ മെഴുതിയോരക്ഷരം
വിപണി ചൂഷണം ചെയ്തു വിൽക്കാത്തൊരു
വെളിവു കാത്തു സൂക്ഷിക്കുന്നൊരക്ഷരം.

Saturday, May 28, 2016

തിരകൾ എണ്ണുമ്പോൾ


ഉയരെ മധ്യാഹ്ന സൂര്യനെരിഞ്ഞൊരു
പകലു പൊള്ളിച്ചെടുക്കുന്നു, കാറ്റിന്റെ
ചിറകിലേറും തിരമലർപ്പാലിക
മണലിലാരോ മറിക്കുന്നു പിന്നെയും.

ചിമിഴിനുള്ളിൽ തപം ചെയ്തു പീഡയെ
തരള മോഹന മൗക്തിക മാക്കിയും
ചുഴി കളിൽ നൃത്ത മാടിത്തിമർക്കുന്ന
മകര മത്സ്യത്തിനുയിരായി മാറിയും

പകുതി മാത്രം തുറന്ന നി ൻ കണ്ണുകൾ
തിരകളെണ്ണവേ പാതി അടഞ്ഞതിൽ
കനവനല്പമായൊഴുകി എത്തീടുന്നു,
മണലിൽ  ഊഷ്മാവു തേടുന്നു നിൻ വിരൽ

തരികളല്ലിതു സൗരയൂഥത്തിന്റെ
ചരിതമോതുന്ന സൈകത രേണുക്കൾ
പദ നഖങ്ങൾ തൊടുമ്പോൾ ചിരിച്ചു കൊ -
ണ്ടൊഴുകി മാറുന്ന സൗന്ദര്യധാമങ്ങൾ

കടലിരമ്പുന്നു, നിൻ നെഞ്ചിലാദിമ
പ്രണവ നാദ പ്രസൂനം വിടർന്നതിൽ
മധു തുളുമ്പുന്നു, വാൽ കണ്ണെഴുതിയ
നറു നിലാവായി മാറുന്നു നിന്നകം.

തിരകൾ എണ്ണുന്നു, നീല വിരിയിട്ട
കടലു തരിവള ക്കൈകളാൽ തിരയുന്നു
സമയ വാതായനത്തിലൂടാവിയായ്
പുലരി തേടിയ നീർമണിത്തുള്ളിയെ.

തിരകൾ എണ്ണുന്നു, സാന്ദ്ര മൗനത്തിന്റെ
ഇരുളു ഭേദിച്ചു കടലിരമ്പീടുന്നു,
തിരികെ എത്താത്ത ജൈവ നാളങ്ങളോ
മരുവിടങ്ങളിൽ തിരകളെ തേടുന്നു.

തിരകൾ എണ്ണുന്നു, നിൻ നഗ്ന മേനിയിൽ
കടലു തേടുന്നു താരാപഥങ്ങളെ,
പുലരിയെ, പൂനിലാവിനെ  ചുംബിച്ചു
ലഹരി പുഷ്പിച്ച  കർമ്മ കാണ്ഡങ്ങളെ.

14.04.2016

Sunday, February 21, 2016

പന്തയക്കുതിരകൾ


ആരുടെ വിളിപ്പുറത്തെപ്പൊഴും ഉണർന്നിരി-
പ്പാരുടെ വിജയത്തിൻ നാളുകളെണ്ണീടുന്നു!
ആരുടെ  നിറതോക്കു കാത്തിരിക്കുന്നു വൃഥാ
ജീവിത മൊരു 'യൂത്തനേഷ്യ' യിലൊതുങ്ങീടാൻ.

ആരവം മുഴക്കുന്ന ജന സഞ്ചയത്തിന്റെ
ആവേശ കല്ലോലത്തിലൂടവേ അനാരതം
ആർജിത വീര്യംഭരിച്ചാർജുന ബാണം പോലെ
നേർവഴി കുതിക്കുന്നു പന്തയക്കുതിരകൾ.

എന്തിനായോടീ ദൂര മിത്രയും നാളീ മണ്ണിൽ?
"ബന്ധുര മഹീതല മെത്രനാളോടീടുന്നു!"
എന്തു നീ നേടീ ജൈത്ര യാത്രകൾ ക്കൊടുവിലായ്?
"സ്വന്തമാക്കുവാൻ മാത്രമെന്തുണ്ട് വിശ്വത്തിങ്കൽ!"

ഓടുക വാജീ ശ്രേഷ്ടാ! കർമ്മ കാണ്ഡത്തിൻ ശക്തി-
ശ്രോതസ്സു നിറയട്ടെ കാരിരുമ്പടികളിൽ.
പന്തയക്കുതിരകൾ, യന്ത്രങ്ങൾ - നിലക്കാത്ത
ജംഗമ ചലനത്തിൻ ഭാസുര സങ്കൽപ്പങ്ങൾ .


17.02.2016

Thursday, February 18, 2016

അമര ഗാനങ്ങളുടെ ചക്രവർത്തിക്ക്


ഇനി നീ ഉറങ്ങൂ നിതാന്ത മൗനത്തിന്റെ
ചിറകിൽ, വിമൂകമീ ഹരിത തീരങ്ങളിൽ.
ഗിരി ശൃംഗമേ, തപ്ത വന ഹൃദയമേ,
നഭസ്സെ നമിക്കു ഒരു മാത്ര എങ്കിലും.

ഇനി നീ ഉറങ്ങൂ, മിഴി അടക്കാതിരുൾ
മകുടത്തിനുള്ളിലെ ചില്ലു പാത്രങ്ങളിൽ
മിഴിനീരോഴിച്ചു തെളിക്കും വിളക്കുമായ്‌
പുലരുവോളം ഞങ്ങൾ കാവലിരുന്നിടാം.

ഇനി നീ ഉറങ്ങൂ, മരിക്കാത്ത ഭൂമിക്കു
തെളി നീരു  നൽകിടാം, സാന്ത്വന മോതിടാം
സമര ഗാനങ്ങ ളുരുക്കഴിച്ചെത്രയും
പകലുകൾ ലാവണ്യ മധുവന മാക്കിടാം.

ഇനി നീ ഉറങ്ങൂ, വിശാന്ത മടങ്ങുകെൻ
മനമേ മറക്കാതിരിക്കുകീ ഗീതികൾ.
അമര ഗാനങ്ങളുതിർത്ത മുളം തണ്ടി
ലിനി ഉതിരില്ല നിശാഗന്ധി ഗീതികൾ.


ഇനി നീ ഉറങ്ങൂ മുരളികെ ശാന്തമീ
പുഴകൾ, തരുക്കൾ, പുൽമേടുകൾ  പാടട്ടെ
വസുധയെ പാടി യുറക്കിയ പാട്ടുകൾ,
ലവണ പുഷ്പങ്ങൾ വിടർന്ന പൊന്നേടുകൾ.
----------------
17.02.2016